Tuesday, June 11, 2013

പ്രഭാതം

  എന്റെ പൂങ്കാവനിയില്‍ ഇന്ന് പൂവുകള്‍ക്ക് സൌന്ദര്യ മത്സരം .കുശുമ്പും കണ്ണേറം,സ്വാര്‍ഥതയും ഒക്കെ ഇവിടെയുമുണ്ട്..
തന്റെ തലയ്ക്കു മുകളില്‍ പടര്‍ന്നു നിന്ന റോസാചെടിയെ നോക്കി സങ്കടപ്പെടുന്ന പത്തു മണിപ്പൂ .ഒരു മുള്ള് കൊണ്ടാല്‍ തീര്‍ന്നു എന്റെ ശരീരം പോലും പിന്നെ ഉയിര്‍ത്തെഴുന്നെല്‍ക്കില്ല എന്ന് വിലപിക്കുമ്പോള്‍ ,മന്ദാരത്തിന് അളവറ്റ സന്തോഷം.

എല്ലാവരെക്കാളും തലയെടുപ്പ് എനിക്ക് തന്നെ. ആരും ഒന്ന് നോക്കി പ്പോകുന്ന വെളുത്ത സുന്ദരി. പക്ഷെ എല്ലാരെക്കാളും കുശുമ്പ് റോസാക്ക് തന്നെ.  നല്ല തുടുത്തു സൂര്യകിരണങ്ങള്‍ ഇതളുകളില്‍ ഒളിപ്പിച്ചു സായം സന്ധ്യയുടെ ചുവപ്പ് മുഴുവന്‍ ആവാഹിച്ചെടുത്തു സ്വയം മറന്നു ഏതോ ലഹരിയില്‍ ഊയലാടി അങ്ങനെ.... താലമേന്താന്‍ കൈകള്‍ തയ്യാറെടുത്തു വച്ച് നിക്കുന്നു.
 
ചെമ്പരത്തി ഇതൊക്കെ കണ്ടു പുച്ഛത്തോടെ പല നിറത്തില്‍ പലഭാവത്തില്‍ നിക്കുന്ന ഞങ്ങടെ വര്ഗ്ഗത്തിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ  അതിനാരും ബുദ്ധിമുട്ടെണ്ടാ എന്ന ചിന്ന അഹങ്കാരം അതില്ലാതില്ല...ഇവരുടെയൊക്കെ  തലക്കനം  സഹിക്കവയ്യാത്ത , ഭൂമിയുടെ മാറില്‍ പറ്റിചേര്‍ന്നെന്ന പോലെ നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞു കുഞ്ഞു പേരറിയാ പൂവുകള്‍ക്ക് അഹങ്കാരമില്ല ..
പക്ഷെ ഞങ്ങള്‍ ഉയരമില്ലെങ്കിലും സൌന്ദര്യത്തില്‍ ഒട്ടും മോശമല്ലെന്ന വാദം.....ഞങ്ങളെ ഒന്ന് തലോടാതെ പോകുന്ന കൈകള്‍ കുറവാണ്. പിന്നെയുള്ളത് മാവിന്റെ മുകളില്‍ പടര്‍ന്നു കയറി വെളുക്കെ ചിരിച്ചു നിക്കുന്ന മുല്ല . ചെണ്ടുമല്ലിക. .വാടാത്ത മല്ലിക, നാലുമണിപ്പൂ,  ലില്ലി,
എല്ലാവര്ക്കും ഇന്ന് ഒത്തിരി സന്തോഷം.

സൌന്ദര്യ പട്ടം കിട്ടിയില്ലെങ്കിലും വേണ്ടില്ല .ഞങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞല്ലോ  എന്ന സന്തോഷം.....
നന്ദി പൂക്കളെ . നിങ്ങള്‍ ഞങ്ങള്‍ക്ക്  തരുന്ന നിറമാര്‍ന്ന പുലരിക്കു  ഞങ്ങളെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു......

നേരുന്നു നന്മകള്‍

  ചെങ്കുത്തായ മലയടിവാരത്തെ വെല്ലുന്ന റോഡുകള്‍ .ഇപ്പോഴും ഇതൊക്കെ നിലനില്‍ക്കുന്നുണ്ടോ? പണ്ടിതൊക്കെ എത്ര അനായാസം ഓടിക്കയറിയതാണ്.ഇന്ന് കയറാനും ഇറങ്ങാനും കഷ്ട്ടമുണ്ടായിട്ടല്ല, മനസ്സ്  അതിന്നു   അനുവദിക്കുന്നില്ല എങ്കിലും മുന്നോട്ടുള്ള യാത്രയില്‍ ലക്ഷ്യമുണ്ടോ ഇല്ലയോ എന്നുള്ള ആകുലത. ബസ്സില്‍ പോയിട്ടുണ്ടെങ്കില്‍ അങ്ങ് വീടെത്തിയിട്ടുണ്ടാകുമായിരുന്നു . പക്ഷെ എന്തോ തോന്നിയില്ല. ആശങ്കകള്‍ക്ക് അല്‍പ്പം ദൈര്‍ഘ്യം കൊടുക്കാമെന്നു വച്ചു .  ഊടുവഴികള്‍ താണ്ടി പ്പോകുമ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകുമ്പോള്‍ എന്തോ ഒരു നിര്‍വൃതി.

എന്നും  ഊടുവഴികള്‍ താണ്ടിയെ നടന്നിട്ടുള്ളൂ അതും ആവാം. എന്തോ, ഈശ്വരന്‍ എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഓഹ് എനിക്ക് ഇപ്പൊ ഈശ്വരനുണ്ടോ? വിശ്വാസികളുടെയും അവിശ്വാസികളുടെയും ഇടയില്‍ കിടന്നു ഞാനിന്നൊരു യുക്തിവാദി ആയി മാറിയത്  മിച്ചം. ഓര്‍മ്മകള്‍ അയവിറക്കി നടന്നു നടന്നു വയല്‍ വഴിയില്‍ എത്തിയത് അറിഞ്ഞില്ല. എല്ലാം പഴയപടി തന്നെ. ഇവിടെയൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.ഒത്തിരി വീടുകള്‍ വന്നിട്ടുണ്ട് , പഴയ വീടിനു പകരം പുതിയ കുറെ വീടുകളും  ഇതൊക്കെ മാത്രം.

    വയലിന്റെ നടുവില്‍ എത്തിയപ്പോഴാണ് ,പണ്ടിതുവഴി പോകുമ്പോള്‍ ഇസ്മയില്‍ രജിതയോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയത്.  "ഇഷ്ട്ടമാണ്  പക്ഷെ ഉപ്പയുടെയും ഉമ്മയുടെയും സമ്മതമില്ലാതെ "എന്ന് .     അന്ന് ബാലചന്ദ്രമേനോന്റെ "ഇഷ്ട്ടമാണ് പക്ഷെ " എന്ന  സിനിമ പുറത്തിറങ്ങിയ കാലമായിരുന്നു.  എല്ലാവരുടെയും നാവില്‍ അന്ന് ആ വാക്കേ ഉണ്ടായിരുന്നുള്ളൂ . അന്ന് ഒരുപാട്   രണ്ടു പേരെയും കളിയാക്കിയിട്ടുണ്ട്. അത് അവന്റെ ഉമ്മയോട് പറയാതിരിക്കാന്‍ കുറച്ചൊന്നുമല്ല അവനെന്നെ സഹായിച്ചത് .  എല്ലാവരും ഇന്ന് കുടുംബത്തോടൊപ്പം ആകും.  അതോ അതില്‍ ആരെങ്കിലും ....?നീണ്ട പതിന്നാല് വര്ഷം ഒന്നും അറിയാന്‍ കഴിയാത്ത, ഒന്നും അറിയേണ്ടാത്ത എപ്പോഴോ ചെയ്തു പോയ ഒരു തെറ്റിന്റെ ശിക്ഷ , അതും തെറ്റാണെന്ന് അറിയാതെ, ഓര്‍ക്കാന്‍ പോലും ഇഷ്ട്ടപ്പെടാത്ത ഒരു ഏട്.  എന്റെ അമ്മയെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുത്തിയ   ആ കറുത്ത രാത്രിയെ.
  മധുവല്ലേ?പെട്ടെന്നു ഒരു പരിചിത ശബ്ദം.
അതെ, സംശയം കലര്‍ന്ന മറുപടിയില്‍  നീ? അതേടാ ഞാന്‍ പ്രസാദ്  മറന്നോ നീ , ഞാന്‍ എല്ലാം അറിഞ്ഞിരുന്നു . അന്നൊരു പാട് സങ്കടപ്പെട്ടിരുന്നു നിനക്കതിനോന്നും കഴിയില്ലാന്നും എനിക്കറിയാരുന്നു. അമ്മയുടെ ഓമനക്കുട്ടനല്ലേ? ടീച്ചരുറെ വിവരം അറിഞ്ഞുവോ നീയ്,  നിന്നെ അറിയിക്കാഞ്ഞതാണ് . എങ്കിലും നീ അറിഞ്ഞുകാണുമെന്നു എനിക്കറിയാരുന്നു.  അവസാന നാളുകളില്‍  നിന്നെയൊന്നു കാണണമെന്ന്  അമ്മയുടെ ആഗ്രഹമായിരുന്നു ,ചിതക്ക്‌ നീ തന്നെ തീ കൊളുത്തണമെന്നൊക്കെ  അന്നേ പറഞ്ഞു ഏല്‍പ്പിച്ചതാണ്  . പക്ഷെ നിന്നെയൊന്നു കാട്ടാന്‍ പോലും  അവര്‍  വിട്ടില്ല
പ്രസാദ് പറഞ്ഞതൊക്കെ കേട്ടിരിക്ക്യ എന്നല്ലാതെ ഒരക്ഷരം തിരിച്ചു പറയാന്‍ പറ്റുന്നില്ല.
കര്‍മ്മം ചെയ്യാന്‍ പറ്റാത്ത ഒരു മകന്റെ നെഞ്ചെരിച്ചല്‍ ഞാനെങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കും.  മധുവിന് ഒന്നും പറയാനില്ല ഒരിക്കലും.  അതാണല്ലോ എന്റെ വിധിയും , യാത്രപറഞ്ഞു നീങ്ങുമ്പോള്‍ രണ്ടിറ്റു കണ്ണീര്‍ അറിയാതെ  പാദത്തില്‍ വീണു .എനിക്ക് കരയാന്‍ കഴിയുന്നു എന്നത് തന്നെ അതിശയം.  ഒക്കെ മറന്ന കൂട്ടത്തില്‍ ഞാന്‍ അതും മറന്നു...വീട്ടിലേക്കു കാലെടുത്തു വച്ചതും അമ്മയുടെ ഉണ്ണീ എന്നുള്ള വിളി ,മറു ശബ്ദം തൊണ്ടയില്‍ കുരുങ്ങി.  വയ്യ ശരീരം തളരുന്നപോലെ.

അരഭിത്തിയില്‍ തളര്‍ന്നു കിടന്നു . ഒരു മയക്കത്തിന്റെ പിടിയൊതുക്കത്തില്‍ അറിയാതെ വീണു.  ഒരു മുരടനക്കം കേട്ടാണ് കണ്ണു തുറന്നത് .   ആരാ പതിഞ്ഞ ഒരു സ്വരം. ഞാന്‍ അല്‍പ്പം ദൂരെ നിന്നാണെന്നു മറുപടിയില്‍ ഒതുക്കി. ആളെ മനസ്സിലായി  ചേച്ചി   എപ്പോഴും  പറയാറുള്ള  മഞ്ഞ ഒച്ചയുള്ള  മിണ്ടാസാമി  ചേച്ചി അങ്ങനെയാ  പതിഞ്ഞ ശബ്ദമുള്ളവരെയൊക്കെ  മഞ്ഞ ഒച്ചയുള്ളവര്‍ എന്നാണ് പറയാറ്   ,അറിയാമായിരുന്നിട്ടും  വെറുതെ  ഒരു ചോദ്യം,   നിങ്ങള്‍ ? ഒരു ചിരിയോടെയാണ്‌ ഉത്തരം തന്നത്...ഞാന്‍ 'മിണ്ടാസ്വാമി 'എല്ലാരും വിളിക്കുന്നതാണ്.  ഓ ഹ് .. പിന്നീട് അതെപ്പറ്റി ഒന്നും ചോദിച്ചില്ല....
ഇവിടെ ഈ വീട്ടിലുള്ളവര്‍ ? എന്റെ ചോദ്യത്തിന് ഉത്തരമായി അവരെ അറിയോ? എന്ന മറു ചോദ്യം ...! ഇല്ല എന്നാണു പെട്ടെന്ന് മനസ്സില്‍ വന്നത് .  ഞാനീനാട്ടില്‍  വന്നിട്ട് കുറെ  വര്‍ഷങ്ങളായി.  പണ്ട് ആ ഗുഹയിലാരുന്നു .

ഒക്കെ എനിക്കറിയാവുന്ന കഥയല്ലേ? പക്ഷെ അറിയും എന്ന് പറയാന്‍ വയ്യ.  ഒന്നും ഒരു വിശദീകരണം കൊടുക്കേണ്ട അവസ്ഥയിലല്ല ഞാന്‍ ..
  സ്കൂളില്‍ പോകുന്ന വഴിയില്‍ ഞങ്ങള്‍ ആ ഗുഹയില്‍ ചെന്ന് നോക്കാറുണ്ട്.  കുഞ്ഞു പടിയൊ ക്കെയുള്ള വല്യ ഒരു ഗുഹ.  അവിടെ പോയി നോക്കിയതിനു അച്ഛനില്‍ നിന്ന് ഒരുപാട്  ചീത്ത കിട്ടിയിരുന്നു. വരച്ച വരയില്‍ നിര്‍ത്തുന്ന അച്ഛന്റെ ശിക്ഷണം ആദ്യമൊക്കെ  അലോസരമുണ്ടാക്കിയിട്ടുണ്ടെങ്കിലും അത്  നമ്മോട് തോന്നുന്ന കരുതലും   സ്നേഹവുമാണെന്നു   മനസ്സിലായത്‌ കാലം കുറെ കഴിഞ്ഞാണ്.  ഓര്‍മ്മകളില്‍ നീരോടുമ്പോള്‍ വല്ലാത്തൊരു നീറ്റല്‍.  പിന്നീട് എന്തോ മിണ്ടാസ്വാമി ഒന്നും പറയാന്‍ നിന്നില്ല . അയാള്‍ അങ്ങനെയാ അതാണല്ലോ ആപേര് വന്നത് തന്നെ.
    ഇവിടെ നില്‍ക്കുന്ന ഓരോ നിമിഷവും  ഹൃദയ ഭിത്തിയില്‍ ആരോ കരിങ്കല്ല് കൊണ്ട് മുട്ടുന്ന പോലെ. പോകണം  ഇവിടെ എനിക്ക് ശരിയാവില്ല. ഒരു അപരിചിതനെ പോലെ ഇവിടെ കഴിയുക വയ്യ,  ഇനി എന്റെ യാത്ര ഓര്‍മ്മകള്‍ പേറിയുള്ള യാത്രയാവാം. ഒരു നിഴല്‍ പോലെ എന്റെ പിന്നാലെ നടന്നവര്‍ ഇന്നെവിടെയെന്നു പോലും അറിയാന്‍ പറ്റാത്ത ഒരവസ്ഥ  ചിന്തിക്കാന്‍ പോലും ആവുന്നില്ല. കാത്തിരിക്കാനും ഒരു വിളി  കാതോര്‍ത്തിരിക്കാനും ഇല്ലാത്ത ഞാന്‍ ഇനിയെന്തിനു.....? മഴക്കോള്   ഉണ്ടെങ്കിലും  ഉറങ്ങാന്‍ കിടന്ന  മിണ്ടാസ്വാമിയെ ഉണര്‍ത്താതെ  പോകാന്‍ ഇറങ്ങി.  പെട്ടെന്നാണ്  പിറകില്‍ സ്വാമിയുടെ സ്വരം    .പോവാണോ  കുഞ്ഞേ ഇവിടം വിട്ടു എവിടെ പോയാലും നിനക്ക് സമാധാനം കിട്ടുമോ?

    ഒന്നും മനസ്സിലാവാതെ തിരിഞ്ഞു നിന്ന മധുവിനെ നോക്കി സാമി . നീ വരുന്നത്  വരെ  കാത്തിരിക്കണം എന്ന് എന്നെ എല്പ്പിച്ചാണ്  നിന്റെ  അമ്മ മരിച്ചത്.  അപ്പോള്‍ ഞാന്‍ ഇനി ഇത് ആരെ ഏല്‍പ്പിച്ചു പോകണം. എനിക്ക് പോകാന്‍ സമയമായി എന്ന്  ഞാന്‍ ചിന്തിച്ചു കിടക്കവേ നീ  പോകാനിരങ്ങിയാല്‍ പിന്നെ?  നിന്റെ അമ്മയുടെ ആത്മാവ് ഇവിടെ തന്നെയുണ്ട്‌ ,ആ മനസ്സിന്റെ തേങ്ങല്‍ അടങ്ങണമെങ്കില്‍ പോകരുത്.. മായ്കാനും മായാനും അധിക കാലം ഒന്നും വേണ്ട കുട്ട്യേ  ഈ ലോകത്ത്..നിന്റെ  സംശയങ്ങളും  ചിന്തകളും മാറ്റി വയ്ക്കുക.
കാത്തിരുന്ന പെണ്ണിനേം കൂട്ടി വന്നു സുഖമായി ജീവിക്കുക .അതെ എനിക്ക് പറയാനുള്ളൂ.

 വിശ്വസിക്കാന്‍ പറ്റാതെ  എന്ത് പറയണം, ചെയ്യണം എന്നറിയാതെ  വികാരാധീനനായി നില്‍ക്കാനേ കഴിഞ്ഞുള്ളു.  ഒരായിരം ചോദ്യങ്ങള്‍ ചോദിക്കാന്‍  നാവു  ഉഴറു കയാണെങ്കിലും ഒന്നും ചോദിക്കാന്‍ ഇല്ലാത്ത പോലെ  , എല്ലാ ചോദ്യങ്ങളുടെയും മറുപടിയായി സ്വാമിയുടെ ഒരു ചെറു പുഞ്ചിരി മാത്രം. അവള്‍ .."നീന " ഇപ്പോഴും ! അതെ. കാത്തിരിപ്പുണ്ട്‌  നീ ഇന്ന് വരും എന്നറിയാം അവള്‍ക്കു ,ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ ഒന്നിച്ചു  തിളങ്ങിയപോലെ .  മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളുമായി  മധു വീട്ടിനുള്ളിലേക്ക്  കയറി. അമ്മയുടെ ഉണ്ണിയായി ഇനിയും ഒരുപാട് കാലം ജീവിക്കാന്‍....

വൃദ്ധസദനം




തന്റെ മുന്നിലുള്ള ചോറ്റു പാത്രത്തില്‍ പരതുകയല്ലാതെ ,ആ അമ്മയ്ക്ക് ഒരു വറ്റ് പോലും കയ്യില്‍ തടയുന്നില്ല. കണ്ണുനീര്‍ കാരണം ഒന്നും കാണാനും വയ്യ , അടുത്തുള്ള മറ്റു അമ്മമാര്‍ കാണാതിരിക്കാന്‍ വന്തിയമ്മ കിണഞ്ഞു ശ്രമിക്കുകയായിരുന്നു .
ഇവരൊ
ക്കെ യാണ് ഇനി എന്റെ ബന്ധുക്കള്‍. തൊട്ടടുത്തു  നിന്ന ലീലാമണി യമ്മ മെല്ലെ പുറത്തു തട്ടി , ഒരു സാന്ത്വനം കൊതിച്ചെന്നപോലെ വന്തിയമ്മ അവരെ ഒന്ന് നോക്കി. കൈകള്‍ മുറുക്കെ  ഒന്ന് പിടിച്ചമര്‍ത്തി   എല്ലാ ദുഖങ്ങളും പങ്കു വച്ചപോലെ ഒരു നിമിഷം  നിന്നിട്ട് അവര്‍ അവരുടെ മുറിയിലേക്ക് പോയി.
  എന്റെ മകനെ പോലെ ഒരു മകന്‍ അവര്‍ക്കും?
ആ അമ്മ നെടുവീര്‍പ്പിട്ടു കൊണ്ട് ആലോചിച്ചു .
വീട്ടില്‍ നിന്നിറങ്ങണം എന്ന് ഒരിക്കലും കരുതിയതല്ല. പക്ഷെ ഇന്നലെ അവന്‍ അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത് .." അച്ഛന്റെ വാക്കുകളാണ്. ..ഒരിക്കല്‍ അവന്‍, എന്തോ പറഞ്ഞു . അന്ന്  ഞാന്‍ കരഞ്ഞപ്പോള്‍ അവനെ വിളിച്ചു നിര്‍ത്തി ക്രോസ് വിസ്താരം ചെയ്തത് .  അവള്‍ കരഞ്ഞത് എന്തിനാണെന്ന് ഞാനില്ലാത്തപ്പോള്‍ നിങ്ങള്‍ അറിയേണ്ടതല്ലേ , നിങ്ങളെ ഇത്ര വലുതാക്കിയത് അവളെ കരയിക്കനാണോ?

അന്ന് രണ്ടു പേര്‍ക്കും ഉത്തരമില്ലായിരുന്നു......ഞാനില
്ലാത്തപ്പോള്‍ എന്റെ പൊന്നുവിനെ നിങ്ങള്‍ വ്രുദ്ധസാദനത്തിലോന്നും കൊണ്ട് പോയി തള്ളരുത്." അത് പറഞ്ഞപ്പോള്‍ ഇനിയും അവരെ ചീത്ത പറയും എന്ന് പേടിച്ചു ഞാന്‍ ഇടയില്‍ കയറി....ഞാന്‍ വെറുതെ കരഞ്ഞതാണ് അവര്‍ എന്നെ ഒന്നും ചെയ്തില്ല എന്ന് അപോഴും അവന്റെ അച്ഛന്‍ പറഞ്ഞു നീ അവരെ വഷളാക്കരുത്...അമ്മമാരുടെ സ്നേഹമാണ് അവരെ ചീത്തയാക്കുന്നത്‌ എന്നും...സത്യമാണോ?
ഇന്ന് ഒരു മറു ചോദ്യം പോലും എന്റെ ഭാഗത്ത് നിന്നില്ലാതെയാണ് ഞാന്‍ അവന്റെ ആജ്ഞ നിറവേറ്റിയത്...അത്ര പോലും എന്റെ മോന്‍ വേദനിക്കരുതെന്ന് മനസ്സില്‍ എടുത്ത ഉറച്ച തീരുമാനത്തിന്റെ ഭാഗമായി.
കഴിയുന്നതും എല്ലാവരുടെയും മുന്നില്‍ സന്തോഷം അഭിനയിക്കുക.എനിക്ക് വേണ്ടിയല്ല എന്റെ മകനെ ആരും കുറ്റപെടുത്താതിരിക്കാന്‍.. മകനെ നിനക്ക് വേണ്ടി ഈ അമ്മ ഇതില്‍ പരം എന്താണ് ചെയ്യേണ്ടത്...?വീണ്ടും കണ്ണുകള്‍ നിറഞ്ഞൊഴുകി.ആരും അരികില്‍ വന്നില്ല .
എല്ലാവര്ക്കും അങ്ങനെ ഓരോ അനുഭവങ്ങള്‍ ഉള്ളതാണല്ലോ...ഇന്ന് അവര്‍ ഒരു പാട് കരയും അവരെ അതിനു വിടുക..എന്നും മറ്റുള്ളവര്‍ ഓര്‍ത്ത്‌ കാണും...
എന്നെ പോലെ അല്ലെങ്കില്‍ എന്നെക്കാള്‍ മോശമായിരിക്കും അവര്‍ക്കൊക്കെയുള്ള അനുഭവം.വന്തിയമ്മ തനിക്കായി നീക്കി വച്ച മുറിയിലേക്ക് നടന്നു.....തൊട്ടടുത്ത മുറിയിലാണ് ലീലാമണി യമ്മയുടെ മുറി...പോകുന്ന പോക്കില്‍ അവര്‍ ആ മുറിയിലേക്ക് ഒന്ന് കണ്ണോടിച്ചു. എന്തോ മടിയില്‍ ഉണ്ട് ,അവര്‍ ചിന്താധീനയാണ്

ആരുടെ മുറിയിലും അനുവാദമില്ലാതെ ഇന്നോളം കേറിയിട്ടില്ല ,എങ്കിലും ഒരു ആകാംക്ഷ , മെല്ലെ ഒച്ചയാക്കാതെ പിറകില്‍ ചെന്ന് നോക്കി രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ഫോട്ടോയില്‍ നോക്കിയിരിപ്പാണ് ഞാന്‍ പിന്നില്‍ വന്നു നിന്നതോ ഫോട്ടോ കണ്ടതോ പാവം അവര്‍ അറിഞ്ഞില്ല . അതൊക്കെ അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ ആകാം...കൈകള്‍ കൂട്ടി മുറുക്കെ പിടിക്കുമ്പോള്‍
തന്നെ അവരുടെ ആത്മ സംഘര്‍ഷത്തിന്റെ ഒരു നേരിയ ചലനം എന്നിലേക്കും പ്രവഹിചിരുന്നല്ലോ.....ഞാനും ഇനി മുതല്‍ ഇവിടെയാണ്‌ ഇവരുടെ കൂടെ.
എല്ലാ വേദനകളും മൌനത്തിലും മനസ്സിലും ഒതുക്കി ഇനി ഇവിടെ ഈ മര ച്ചോട്ടില്‍ . ഞാനെന്റെ   ദിനങ്ങളെ തല്ലിക്കെടുത്തട്ടെ...

സ്വപ്നയാത്ര.



  ഞാന്‍ ഇന്നലെ എന്റെ അമ്മയുടെ തരവാട്ടിലെക്കൊരു യാത്ര പോയി . ധൃതിയായിരുന്നു അവിടെ  എത്താന്‍ വേനലവധിയായതിനാല്‍ എല്ലാരും എത്തിയിട്ടുണ്ട്.  വല്യമ്മാവനാണ്   തറവാട്ടിലുള്ളത് ,ബാക്കി എല്ലാവരും ജോലി സ്ഥലങ്ങളില്‍ കുടുംബ സമേതം, ഒരു അമ്മായി മാത്രം ടീച്ചര്‍ ആയതു കൊണ്ട് നാട്ടില്‍ .പക്ഷെ ആ മാമനും വേനലവധിക്ക്  നാട്ടിലെത്തും എല്ലാരേം അടുത്തു കിട്ടുക അപ്പോഴാണല്ലോ.

     ഞങ്ങളെത്തുമ്പോള്‍ എല്ലാവരും ചായ്പ്പില്‍ വട്ടമേശ സമ്മേളനം.
എന്താ വൈകിയത് എന്നുള്ള പതിവ് പരിഭവത്തില്‍ തുടങ്ങി സംസാരം.  കന്നുകാലികളില്ലേ അവയെ ഒക്കെ ഓരോ ഭാഗങ്ങളിലാക്കാതെ എനിക്കങ്ങനെ വരാന്‍ പറ്റാനാ ഏട്ടാ.
അമ്മയുടെ മറുപടി,എല്ലാം അറിയുന്ന മാമന്മാര്‍ പിന്നെ ഒന്നും പറഞ്ഞില്ല.
അമ്മയെ എല്ലാവര്ക്കും ഒരുപാട് ഇഷ്ട്ടമാ..അതുകൊണ്ട് തന്നെ അമ്മ ചെല്ലാതെ അവിടെ ഒന്നും തുടങ്ങില്ല.
വീടിനു ചുറ്റും കലപില ശബ്ദങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഞാനും അവരുടെ കൂട്ടത്തിലേക്ക് പോയി.ഒരാള്‍ നാട്ടുമാവിന്‍ ചോട്ടില്‍ നിന്ന് മാങ്ങ എടുത്ത ഉടനെ കടിച്ചു വലിച്ചു തിന്നുന്നു..മറ്റൊരാള്‍ വരിക്ക പ്ലാവിന്റെ ചോട്ടില്‍ നിന്നും ചക്കക്കുരു പെറുക്കി കൂട്ടുന്നു..എഫ് സി ഐ യില്‍ ഉധ്യോഗസ്തനായ മാമന്റെ മക്കള്‍,(കൊല്ലക്കാര്‍ )ഇടയ്ക്കിടയ്ക്ക് വലിയ വായില്‍ കരയുന്നുമുണ്ട്..മമ്മാ ചച്ചച്ചുരു ചുട്ടു താ മമ്മാ.
മൂത്തവള്‍ മാവിന്റെ ചോട്ടില്‍ ജലജ,
ഇളയവള്‍ പ്ലാവിന്റെ ചോട്ടില്‍ ജയശ്രീ .വല്ല്യംമാവറെ മകന്‍ എന്റൊപ്പമുള്ളതാണ്..അവന്‍ പശുവിന്റെ ആലയില്‍ കുഞ്ഞു കിടാങ്ങളെയൊക്കെ അഴിച്ചു കെട്ടുന്നു...
തെക്കേ മുറ്റത്തു ഇളയമ്മയുടെ മക്കള്‍ ഇളയമ്മ മദ്രാസ്സീന്നു വന്നതാണ്....വല്യ പത്രാസുകാര അതില്‍ ബാബുവേട്ടന്‍ ഒരു സ്ഥലത്ത് അനങ്ങാതിരിക്കുവാ .
എന്ത് പറ്റി , അല്ലെങ്കില്‍ കണ്ടാല്‍ തുടങ്ങും തലയ്ക്കു അടിക്കാന്‍.കൈ വെറുതെ ഇരിക്കില്ല.  മെല്ലെ പിറകിലൂടെ ചെന്ന് നോക്കി....ഓഹോ ഇതാണ് പണി അല്ലെ?
കുഴിയാനയെ ചെറിയ ഈര്‍ക്കിലി എടുത്തു പുറത്തിടുന്നു...എന്നിട്ട് അതുങ്ങള് പുറകോട്ടു പോകുന്നത് കണ്ടു കൈമുട്ടി ചിരിക്കുന്നു...നീ ഇപോ വന്നെടീ ചോദ്യം...ഹോ നമ്മളെയൊന്നും ആരും കാണില്ലേ എന്നും പറഞ്ഞു ഞാന്‍ കിഴക്ക് ഭാഗം പോയി...അവിടെ വേറൊരു മാമന്റെ ( ബോംബെ യില്‍ റെയില്‍വേ സൂപ്രന്റ്റ് ) മക്കള്‍ അവര്‍ വല്യവര്‍ ആണ് ഇളയമ്മയുടെ മക്കളോട് കുശലം പറയുന്നു..അവരുടെ ...അമ്മ ടീച്ചര്‍ ആയതു കൊണ്ട് നാട്ടില്‍ തന്നെ പഠിക്കുന്നു...
     ഞാന്‍ മെല്ലെ തൊടിയിലേക്ക്‌ ഇറങ്ങി.അവിടെ വേറൊരു മാമനും മക്കളും അവരും ഫേമിലി അടക്കം മദിരാശി തന്നെ പോലിസ് ആണ് .തോടിയിലെ മാവിനേയും മാങ്ങയും കുറിച്ച് വര്‍ണ്ണിക്കുവാന് അവരുടെ കുട്ടിക്കാല കഥകള്‍...ഞാന്‍ അവിടുന്നും മുങ്ങി നീന്തല്‍ കുളത്തിനു വശത്ത്‌ കൂടെ മഞ്ചാടി മരത്തിനു ചുവട്ടിലെത്തി .കുളത്തിനു തൊട്ടു ഒരു കുളിപ്പുരയുണ്ട് .അവിടെയാണ് മഞ്ചാടി ഞാന്‍ കുറെ പെറുക്കി കൂട്ടി തിരിച്ചു നടക്കുമ്പോള്‍ പിരകീന്നൊരു വിളി ഷേരീഫയാണ് .എല്ലാരും വന്നപ്പോള്‍ ഞങ്ങളെയൊന്നും വേണ്ട അല്ലെ?വേറൊരു പരിഭാവക്കാരി,പാനൂര്‍ ഹൈ സ്കൂള്‍ അദ്ധ്യാപകന്‍ മമ്മു മാസ്റെരുറെ ഇളയ സന്താനം.എന്റെ കൂട്ടുകാരി...ഞങ്ങള്‍ രണ്ടു പേരും വയലിലെക്കിറങ്ങി,സ്കൂള്‍ അവധി ആയതിനാല്‍ വയലിലോക്കെ നിറയെ കുട്ടികള്‍,ഓലച്ചക്രവും കൊണ്ട് ഓടുന്നു....ഒരു കുട്ടിയുടെ കയ്യീന്ന് പിടിച്ചു വാങ്ങി ഞാനും കുറച്ചു ഓടി കളിച്ചു...ശീമക്കൊന്നയുടെ വടിയില്‍ തൊണ്ട് കയറ്റി വണ്ടിയാക്കി വേറൊരു കുട്ടി,എന്നോട് എവിടെ പോകണം എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു അടുത്ത വീട് വരെ,,,ആ വണ്ടിയുടെ പിറകെ ഞാനും ഓടി വീട്ടില്‍ കേറി....ആഹാ എന്ത് രസം എത്രകാലം കൂടിയാ ഇവിടമൊക്കെ ഒന്ന് വരുന്നേ......ഇനിയുമുണ്ട് എഴുതിയാലും എഴുതിയാലും തീരാത്ത കഥ....ഞാന്‍ ഇവിടെ നിര്‍ത്തട്ടെ....

     ഇത് ഞാന്‍ ഇന്നലെ എന്റെ തറ വാട്ടിലേക്ക് പോയി എന്ന് പറഞ്ഞില്ലേ ....എന്റെ ആഗ്രഹമാണ് പോയത്....ഞാന്‍ പോയില്ല എന്റെ മനസ്സ് ഒന്ന് ചുറ്റി വന്നതാണ്.....ഇതില്‍ പറയുന്ന മൂന്നു മാമന്മാരും എന്റെ അമ്മയും ഓര്‍മ്മകളില്‍ മാത്രം......