Saturday, October 21, 2017

വഴിവിളക്ക്

നേരിയ ഒരനക്കം, ഒരു പിടച്ചില്‍ അങ്ങിനെ സംഭവിച്ചാല്‍ ! ശ്വാസംകഴിക്കാന്‍ പോലും മറന്ന് എല്ലാവരുടെയും നോട്ടം മുകളിലേക്ക് തന്നെയായിരുന്നു.ശ്രീനിക്ക് തന്‍റെ സപ്തനാഡികളും ചലനമറ്റതു പോലെ തോന്നി .എത്ര ദൂരം മുകളിലാണ് ആ കയര്‍കെട്ടിയിരിക്കുന്നത്.തന്‍റെ കാലുകള്‍ ആ കയറിന്‍റെ മദ്ധ്യദൂരം എത്തിയതുപോലും പാവം ആ വയോവൃദ്ധന്‍ അറിഞ്ഞില്ല. തന്റൊപ്പമുള്ള നാല് ജീവിതങ്ങളെ പട്ടിണി യില്‍നിന്നും രക്ഷിക്കാനുള്ള തത്രപ്പാട്. പിന്നീടുള്ള നടത്തം കാണാന്‍ ആരും കണ്ണുകള്‍ തുറന്നു പിടിച്ചിട്ടുണ്ടാവില്ല ഒരു നിമിഷം അവിടെ കൂടിനിന്നവരുടെ പ്രാര്‍ത്ഥനയായിരിക്കാം ആ വൃദ്ധന് ലക്‌ഷ്യം കാണാനായത് .
എന്നും ഓഫീസില്‍ വൈകി എത്തുന്നതും മാനേജരുടെ അടുത്തു നിന്ന് രണ്ടു ചീത്ത കിട്ടുന്നതും ശ്രീനിക്ക് പുത്തരിയല്ലല്ലോ .. ഇന്നെന്താണാവോ എക്സ്ക്യുസ് എന്നായിരിക്കും ചെന്ന ഉടനെയുള്ള ചോദ്യം .ഇന്നെന്തായാലും സത്യം തന്നെ പറയേണ്ടിവരും ദേവനും ,സുധിയുമൊക്കെ അവിടെ എന്നെ കണ്ടതല്ലേ ,അവരിവിടെ പരസ്യമാക്കിയിട്ടുണ്ടാവും .  പേടിച്ചാണ് മാനേജരുടെ മുറിയിലേക്ക് കയറിച്ചെന്നത്.ഒന്നിരുത്തി മൂളിക്കൊണ്ട് ചോദ്യവും വീണു .മാനേജരുടെ കനത്ത നോട്ടം പേടിച്ച് ശ്രീനി മുഖത്തു നോക്കാതെയാണ് ഉത്തരം പറഞ്ഞത് .
അവര്‍ക്ക് കാശൊക്കെ കൊടുത്തോ?
പതിവില്ലാതെ സൌമ്യമായിരുന്നു മാനേജരുടെ ചോദ്യം !ശ്രീനി ഒന്ന് പകച്ചു ! കാരണം എപ്പോഴും ചീത്ത പറയുന്ന ആള്‍ക്ക് ഇന്നെന്തുപറ്റി?
കൊടുത്ത് സര്‍ , അതുകണ്ട്കൊണ്ട് എങ്ങിനെ കൊടുക്കാതിരിക്കും,  പാവങ്ങള്‍..
നിന്റെ മനസ്സു നല്ലതാണ് അധികമാര്‍ക്കും ഇല്ലാത്തതും അതാണ്‌ .ശ്രീനി ഒരു സ്പാനിഷ്‌ പഴമൊഴി കേട്ടിട്ടുണ്ടോ ? "മനുഷ്യരാശിയെ മാറ്റാന്‍ എല്ലാവരും ആഗ്രഹിക്കുന്നു സ്വയം മാറാന്‍ ആരും ആഗ്രഹിക്കുന്നുമില്ല " ശ്രീനിക്ക് അന്ന് വല്ലാത്ത സന്തോഷം തോന്നി .മാനേജര്‍ ആദ്യമായിട്ടാണ് ഇങ്ങനെ പറയുന്നത് ,   ഇവര്‍ ഇത്ര നല്ല ആളായിരുന്നോ........    അന്നു ശ്രീനി തല ഉയര്‍ത്തിപിടിച്ചായിരുന്നു തിരിച്ചു വന്നത് എല്ലാവരും സന്ദേഹത്തിലാണ് .ഇങ്ങനെയല്ലല്ലോ ഒടിഞ്ഞു  മടങ്ങിയാണല്ലോ തിരിച്ചു വരാറ്. ഇന്നെന്തു പറ്റി ?  .രണ്ടു തേറ്റപ്പല്ല്കാട്ടിയുള്ള രാജേശ്വരി യുടെ ഭീബത്സമായ ചിരി ,  ഇവളുമാര്‍ക്കു വേറെയൊന്നും പണിയില്ലേ മറ്റുള്ളവരെ വേദനിപ്പിക്കാനും കളിയാക്കാനുമായി പിറന്ന ജന്മങ്ങള്‍ .
വഴിയില്‍ വച്ചുകണ്ട രംഗങ്ങള്‍ ശ്രീനിക്കു അത്ര വെഗം മറക്കാന്‍ പറ്റിയതായിരുന്നില്ല ജീവിക്കാന്‍ വേണ്ടി എന്തൊക്കെ വേഷങ്ങള്‍... ഇഷ്ടമല്ലാത്ത വേഷം പോലും കെട്ടാന്‍ വിധിക്കപ്പെട്ടവര്‍... മനുഷ്യരുടെ വിധി  ...

വര്‍ഷങ്ങള്‍ക്കു മുന്നേ  അടുത്ത വീട്ടിലെ ശാരദ ചേച്ചിയെ എല്ലാവരും തമാശയാക്കുമ്പോള്‍ അന്നെനിക്കത് എന്തിനാണെന്നു അറിയില്ലായിരുന്നു.
ഇന്നത്‌ ഓര്‍ത്തു പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട് .ഈയിടെ കണ്ടപ്പോഴും ഞാന്‍ ചോദിച്ചതാണ് വിദ്യാഭ്യാസമുള്ളചേച്ചിക്ക് എന്തുകൊണ്ട് മക്കളെ വളര്‍ത്താന്‍ ഒരു ജോലിക്കു ശ്രമിച്ചു കൂടാഞ്ഞത് ?എല്ലാവരും വെറുക്കുന്ന ഈ പണി തന്നെ വേണമായിരുന്നോ?  ഉത്തരം പെട്ടന്നായിരുന്നു .
ഇല്ല ശ്രീനി എന്നെ ഇങ്ങനെയാക്കിയത് മക്കളുടെ അച്ഛന്‍ തന്നെയാണ് .പിന്നെ ഞാന്‍ എന്തിന്? ആര്‍ക്കുവേണ്ടി ? എന്നെ എല്ലാവരും വെറുത്തോട്ടെ ...തമാശയാക്കിക്കൊള്ളട്ടെ , ഞാനതു കാര്യമാക്കുന്നില്ല ..
 ഒരു പ്രേമത്തിന്റെ ബാക്കിപത്രം ,കുടുംബത്തെ മറന്നുകൊണ്ടെടുത്ത ഒരു തീരുമാനത്തിന്റെ ശവമഞ്ചവും പേറി ജീവിക്കുന്ന അവരോടു ഞാന്‍ എന്ത് മറുപടി പറയാന്‍.വിവേകമില്ലാതെടുത്ത ഒരു പ്രണയമെന്ന ചാപല്യത്തിന്റെ ബലിയാടോ വികാരവിചാരമില്ലാത്ത ഒരു പാവത്തിന്റെ അസ്വാതന്ത്ര്യമോ? അതോ ...  എന്തോ ...ഏതോ വഴിക്കുനയിക്കുന്ന കല്പ്പനകളില്‍ പെട്ടുഴലുന്നതോ . ,എന്തിനെന്നറിയാതെ വിജ്രംഭിച്ചു കൊണ്ടിരിക്കുന്ന മനസ്സിനോട് അരുതേ എന്നുപറയാനുള്ള ത്രാണി
പോലും ഇല്ലാതെ ജീവച്ഛവമായി മാറിക്കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ രോദനത്തില്‍ ലയിച്ചു തന്നെ തന്നെ നഷ്ട്ടപ്പെട്ടു നില്‍ക്കുന്ന അവരോട് സമാധാനം കണ്ടെത്താന്‍ പറയാനാകുമോ ? ജീവിതത്തെയോ ജീവനെയോ വെല്ലുവിളിക്കാന്‍ കഴിയാത്ത ഒരവസ്ഥാന്തരത്തില്‍ നെടുനീളെ പിളര്‍ന്നു വരുന്ന നരസിംഹത്തിന്റെ ശക്തി ആവാഹിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശരീരം തളര്‍ന്നു ആത്മാവിന്റെ
വിടപറയലിനു വേണ്ടി കാത്തിരിക്കുന്ന ആ അമ്മയുടെ ഹൃദയത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഒന്ന് സാന്ത്വനിപ്പിക്കാന്‍....... ഒന്നിനുമാവുന്നില്ല.നെയ്തെടുക്കാന്‍ കഴിയാത്ത ഭൂതകാലത്തി ന്‍റെ ജീവസ്സുറ്റ രേഖാചിത്രത്തില്‍ അവരുടെ പ്രതിബിംബം നൂറ്റിയെടുക്കാന്‍ അവര്‍ക്കിന്നു കഴിയുന്നുണ്ടോ! ഒരിക്കല്‍ അവര്‍ പറഞ്ഞ വാചകം എന്നും വേദനയായി തികട്ടിവരാറുണ്ട്,  വാര്‍ന്ന മുറിപ്പാടില്‍ നിന്നും ഒഴുകിവരുന്ന
നിണം വരണ്ടു നില്‍ക്കുന്ന മറ്റു ഞരമ്പുകളിലും നനവു പടര്‍ത്തികൊണ്ട് പോകുമ്പോള്‍ അതേ ചാലകത്തില്‍ നിന്നും എനിക്ക് കിട്ടുന്നതു സുഖമോ വേദനയോ?  അതെന്താണെന്നെനിക്കറിയില്ല എന്ന്. ഒരനുജനോടെന്ന പോലെഅവര്‍ എന്റെ മനസിലേക്ക് ഇറക്കിവെക്കുന്ന ഗദ്ഗദ കൂമ്പാരങ്ങളില്‍ എനിക്ക് മനസിലാക്കാന്‍ പറ്റാത്ത ഒരു പിടി വേദനകള്‍ നിറഞ്ഞു നില്‍പ്പുണ്ടാവാം .  ഇന്നവര്‍ ഗതിവിഗതികളറിയാതെ ഒഴുകുന്നു. പലരുടെയും ജീവിതകഥകള്‍മനപാഠമാക്കിയ ശ്രീനിക്ക് അവരെയൊക്കെ മറന്നു കൊണ്ട് ഒരു ദിവസം പോലും തള്ളി നീക്കാനാവില്ല... 

Monday, October 21, 2013

അനുഭവം

പയിനായിരം രൂപ ഓട്ടോയില്‍ മറന്ന ഒരാള്‍ക്ക്‌ ഓട്ടോ ഡ്രൈവര്‍ കാശ് തിരികെ എത്തിച്ചു മാതൃക കാട്ടി.......ഹോ നമ്മള് പണ്ട് ആറാം ക്ലാസ്സീ പഠിക്കുമ്പോള്‍ ഒരു നൂറു രൂപാ കിട്ടീട്ടു തിരിച്ചു കൊടുത്തപ്പോള്‍ നമ്മളെ അനുമോദിക്കാന്‍ ആരും വന്നില്ല....
അന്നൊന്നും വഴിയില്‍ ഇന്നത്തെപോലെ ആളുകളെ ഒന്നും കാണാറില്ല ..മെയിന്‍ റോഡ്‌ അല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു .കടയിലേക്ക് ഒക്കെ പോകുന്ന ഒരു കുറുക്കു റോഡ്‌ ..പത്താം ക്ലാസ് വരെ അന്ന് വീട്ടിലേക്കു അത്യാവശ്യം സാധനങ്ങല്‍ ഒക്കെ മേടിക്കാന്‍ ഞാന്‍ ആണ് പോകാറു...വീട്ടില്‍ ആണ്‍ കുട്ടികള്‍ ഇല്ലാത്തത് ഒന്നാമത്തെ കാരണം .
അങ്ങനെ ഒരു ദിവസം പോകുമ്പോ ഒരു നൂറു രൂപാ കളഞ്ഞു കിട്ടി.നല്ല പെട പെട പെടക്കുന്നൊരു നോട്ട്.പാവം അത് വീണു പോയവരെ ഓര്‍ത്ത്‌ സങ്കടപ്പെട്ടു അവിടെ തന്നെ നിന്ന്..ആരെങ്കിലും വരുവാണെങ്കില്‍ തിരിച്ചു കൊടുത്തിട്ട് മതി കടയിലേക്ക് പോക്ക് എന്ന് വിചാരിച്ചു...അപ്പോഴതാ ഞങ്ങടെ വീടിനടുത്തുള്ള മാണി അമ്മ വരുന്നു...അവരാണെങ്കില്‍ സ്ഥിരം റോഡ്‌ നോക്കി നടക്കുന്ന സ്ത്രീയും...

ഞാന്‍ എന്റെ സത്യാവസ്തയ്ക്ക് ഒരു ചോദ്യം ഇങ്ങോട്ട് വരുന്നതിനു മുന്നേ എടുത്തങ്ങോട്ടെക്ക് ഇട്ടു .മാണിയമ്മ എന്താ പരതുന്നെ ? നൂറു രൂപയ്കാണോ ? ആ കള്ളി പെണ്ണുങ്ങള്‍ ഉടനെ പറയുവാ അതെ മോളെ മോള്‍ക്ക്‌ കിട്ടിയോ...? അതെ കിട്ടിയല്ലോ എന്റെ നിഷ്കളങ്കമായ ഉത്തരം...എന്നാ ഇങ്ങോട്ട് താ...ഞാനെത്ര നേരമായി അതിനു പരതുന്നു ...ഹോ എനിക്കാശ്വാസമായി...ഇനി വേഗം കടയിലേക്ക് പോകാല്ലോ...ഇപ്പോഴാ സമാധാനമായത്..ഉടമസ്ഥര്‍ക്ക് ഏല്‍പ്പിച്ചപ്പോള്‍ എന്തൊരു നിര്‍വൃതി....ഇനിയല്ലേ സംഭവം...
ഞാന്‍ കടയില്‍ നിന്ന് ആ വഴി തന്നെ തിരിച്ചു വരുന്നു...വീടിന്നടുത്തുള്ള പാത്തുമ്മ അങ്ങനെ റോഡ്‌ മുഴുക്കെ പരതുവാ...പാവം രണ്ടു വശത്തും പ്ലാവിന്റെ ഇല വീണു കിടക്കുന്നത് കാരണം ഓരോ ഇലയും സാഹസികമായി തട്ടി നീക്കി പരതലോ പരതല്‍...
എന്താ പാത്തുമ്മാ ?
ഇവിടെയും എനിക്ക് ചോദിക്കാന്‍ ആ ഒരു ചോദ്യം മാത്രം ...
പാത്തുമ്മ പറഞ്ഞു മോളേ എന്റെ ഒരു നൂറു ഉറുപ്പ്യ ഉണ്ടായിരുന്നു...മുണ്ടിന്റെ കോന്തലക്കല്‍ കെട്ടിയതാ..പെരേല് എത്തിയപ്പോഴാ നോക്കിയേ...പൈസ കാണുന്നില്ല ..ങേ? അപ്പൊ ..എന്റെ മാണി ക്കള്ളീ ഇങ്ങനേം മനുഷ്യരോ?അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല മനസ്സ് പ്രതികാരം പൂണ്ടു..എന്നോടാ കളി...അയ്യോ ഉമ്മയുടെതാരുന്നോ? എനിക്ക് കിട്ടി...എന്നിട്ട് എന്റെതാനെന്നു പറഞ്ഞു ആ നിങ്ങടെ തൊട്ടയല്‍പക്കത്തുള്ള മാണിയമ്മ മേടിച്ചു കൊണ്ട് പോയീന്നു...കേട്ടതും അവര്‍ അവിടേക്ക് ഓടി....അപ്പൊ അവര് പറയുവാ ഞാന്‍ അവളുടെ അടുത്തൂന്നു ഇങ്ങോട്ട് വാങ്ങിയതാ ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ അങ്ങോട്ട്‌ കൊടുക്കാല്ലോ എന്ന് വച്ചിട്ടാ ...അയ്യോ എന്തൊരു മര്യാദ.....
വീട്ടിലെത്തിയപ്പോ എന്നെ എല്ലാരും അനുമോദിച്ചു....അന്ന് നൂറു ഉറുപ്പിക എന്ന് വച്ചാല്‍ പറയേണ്ടല്ലോ..ഒരു കടയില്‍ പോയാല്‍ നമുക്ക് വേണ്ടുന്ന സാധനങ്ങള്‍ വാങ്ങ്യാലും ബാക്കികയ്യിലുണ്ടാകും....ഇന്നത്തെ പയ്നായിരത്തിന്റെ വെല തന്നെ.....

അനുഭവങ്ങള്‍

ഒരു കാര്യം പറയട്ടെ....
എന്തൊക്കെയോ തിരക്കും മോന്റെ മൂന്നാം വയസ്സിലെ വിദ്യാരംഭ ദിവസങ്ങളില്‍ നാട്ടില്‍ ഇല്ലാത്തത് കാരണം മോനെ ഹരിശ്രീ എഴുതിച്ചിട്ടില്ല ..
മോന് നാലര വയസ്സ് ആയപ്പോഴേക്കും ഒന്നാംക്ലാസ്സില്‍ ചേര്‍ക്കേണ്ട സമയവും എത്തി...പിന്നെ നമ്മളൊക്കെ പഠിച്ച അവസ്ഥ ഓര്‍ത്ത്‌ നല്ലൊരു സ്കൂളില്‍ അഡ്മിഷന്‍ കിട്ടട്ടെ എന്ന് കരുതി സ്കൂളും പരതി നടപ്പായി...അവസാനം സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവിടെ നിന്നുള്ള മറുപടി എല്‍ കെജി യൊന്നും പഠിക്കാതെ യു കെ ജി യില്‍ ചേര്‍ക്കില്ല എന്നും, മോനാണെങ്കില്‍ കുറച്ചു വല്യ കുട്ടിയും അത് കാരണം ഇവനെ എങ്ങനെ പൊടി പ്പിള്ളെരുടെ കൂടെ ഇരുത്തും എന്ന് പ്രിന്‍സിപ്പാള്‍ ..മോനാണെങ്കില്‍ ഒരു വക എഴുതുകയോ വായിക്കുകയോ ചെയ്യാറില്ല ..പഠിക്കും എന്ന് ഞങ്ങള്‍ക്ക് ഉറപ്പു പറയാന്‍ കഴിയണമെങ്കില്‍ ഞങ്ങള്‍ക്കും ഗാരണ്ടി ഇല്ല...ഞങ്ങടെ അവസ്ഥ കണ്ടു പ്രിന്‍സിപ്പാള്‍ പറഞ്ഞു ഏതായാലും യു കെ ജി യില്‍ ഇരുത്താം ആദ്യത്തെ എക്സാം കഴിയട്ടെ ..ഒന്നും അറിയില്ലെങ്കില്‍ എല്‍ കെജിയില്‍ തന്നെ ഇരുത്താന്‍ നോക്കാം എന്നും..
പിന്നീട് ഞങ്ങളെയും അവിടുത്തെ ടീചെര്സിനെയും അദ്ഭു തപ്പെടുത്തി, അവന്‍ എല്ലാ വിഷയങ്ങളിലും നൂറില്‍ നൂറും മാര്‍ക്ക് വാങ്ങി . hand writing ലും അങ്ങനെ തന്നെ ..ഇനി എന്ത് എല്‍ കെ ജി? അവന്‍ മിടുക്കനല്ലേ എന്നാ പ്രിന്‍സിപാളിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ നിറഞ്ഞ സന്തോഷം....
സ്കൂളില്‍ നിന്ന് വന്ന ഉടനെ എഴുതാനുള്ളത് എഴുതി ,ഒരു സംശയം പോലും അവന്‍ ബാക്കി വയ്ക്കില്ല .അത്ര കുട്ടിയായ കാലം മുതല്‍ പത്രം വായന, മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ ബാലാ കഥാ പുസ്തകങ്ങളും വാങ്ങി വായിക്കും ,അഞ്ചാം ക്ലാസ് മുതല്‍ സംസ്കൃതം ആണ് അവന്‍ പഠിക്കാന്‍ തുടങ്ങിയത് ,പക്ഷെ നല്ലപോലെ മലയാളം വായിക്കാനും ,ചില പൊടി സാഹിത്യം പറയാനും അവന്‍ മിടുക്കനാ ...ഇന്നും ആ പത്ര വായന അതേപോലെ ...ഞാന്‍ വായിക്കാന്‍ കൊണ്ട് വരുന്ന കഥാ പുസ്തകങ്ങള്‍ എന്നെക്കാള്‍ മുന്നേ അവന്‍ വായിച്ചു തീര്‍ക്കും........
കുടുംബം എന്ന സ്വര്‍ഗ്ഗം ഭാര്യ ഒരു ദേവത എത്ര നല്ല പേര് ..ഇതൊരു സിനിമയുടെ പേരാണ് ഈ സിനിമ കണ്ടതിനു പിന്നില്‍ ഒരു കഥ ഉണ്ട്...പറയാം...
പണ്ട് പ്രീഡിഗ്രി കാലം. അന്നൊരു ശനിയാഴ്ച ദാസന്‍ മാസ്ടരുറെ എകണോമിക്സ് സ്പെഷല്‍ ക്ലാസ് .ഉച്ച പന്ത്രണ്ടു മണിവരെ ...
എല്ലാരും കൂടെ തലേ ദിവസം ഒരു തീരുമാനം എടുത്തു...പന്ത്രണ്ടു മണിവരെ അല്ലെ ഉള്ളൂ . എല്ലാവര്ക്കും ക്ലാസ്സും കഴിഞ്ഞു നൂണ്‍ ഷോ ക്ക് പോകാം എന്ന് .അന്ന് പാനൂര്‍ പദ്മ ടാക്കീസില്‍ കുടുംബം എന്ന സ്വര്‍ഗ്ഗം ഭാര്യ ഒരു ദേവത എന്ന പടം കളിക്കുന്നുണ്ട്. പേരില്‍ തന്നെ എന്തോ ഒരു ആകര്‍ഷണം നല്ല പടം ആവും എന്ന് എല്ലാരും അങ്ങോട്ട്‌ തീരുമാനിച്ചു ..
ഞാന്‍ ഒന്നും പറഞ്ഞില്ല .കാരണം എന്നെ അച്ഛന്‍ വിടില്ല എന്ന് ഉറപ്പായ കാര്യമാണ് .പക്ഷെ അച്ഛനോട് കാര്യം അവതരിപ്പിക്കാതെ അമ്മയോട് പറഞ്ഞു ,ഒരു വിധത്തില്‍ സമ്മതിപ്പിച്ചു...
അങ്ങനെ ക്ലാസ് കഴിഞ്ഞ ഉടനെ മാസ്റരോടു കാര്യം പറഞ്ഞു. പറയാതെ പോയാല്‍ കാല ദോഷത്തിനു ടാക്കീസില്‍ വചെങ്ങാന്‍ കണ്ടാലോ ,പറഞ്ഞാല്‍ കുഴപ്പമില്ലല്ലോ .. , എല്ലാവരും ഒന്നിച്ചു പോകുകയാനെന്നറിഞ്ഞപ്പോള്‍ അവരും സമ്മതിച്ചു. ഞങ്ങളൊക്കെ സിനിമക്ക് പോകുകയാനെന്നറിഞ്ഞ ആണ്‍കുട്ടികള്‍ ചുമ്മാ ഇരിക്കുമോ ? (കുറച്ചു കുട്ടികള്‍ ഒഴികെ ) കേട്ട ഉടനെ അവരും ചാടി പുറപ്പെട്ടു . .സാരമില്ല നല്ല പടം അല്ലെ പ്രശ്നം ഇല്ല . അന്നൊക്കെ നൂണ്‍ ഷോ ക്കും തിങ്ങി നിറഞ്ഞു ആളുകള്‍ ഉണ്ടാകും...ആണ്‍ കുട്ടികള്‍ മുന്നിലത്തെ വരികളിലും പെണ് കുട്ടികള്‍ പിറകിലും ആയി ഇരിപ്പുറപ്പിച്ചു . സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ... നമ്മള്‍ വിചാരിച്ച പടം അല്ല . ആണ്‍ കുട്ടികള്‍ നല്ല ആസ്വദിച്ചു കാണുന്നു .ഇടയ്ക്കിടയ്ക്ക് പിറകോട്ടു നോക്കുന്നു . ഞങ്ങളാണെങ്കില്‍ എന്നാ ചെയ്യേണ്ടത് എന്ന അവസ്ഥയില്‍ തമ്മില്‍ തമ്മില്‍ നോക്കുന്നു..എങ്ങനെയെങ്കിലും ഒന്ന് ഇന്റര്‍വെല്‍ ആയാല്‍ മതി എന്ന ഒരേ ഒരു പ്രാര്‍ത്ഥന എല്ലാരില്‍ നിന്നും ഒരേ പോലെ പുറത്തു വന്നു . കണ്ട പടം വള്ളി പുള്ളി തെറ്റാതെ പറയുന്ന ഞാന്‍ കണ്ടിടത്തോളം പോലും അതിന്റെ കഥ ഓര്‍മ്മയില്ല . വെപ്രാളം ആയിരുന്നു കാണുന്ന സമയമൊക്കെ .ഒരു വിധം ഇടവേള വരെ ഒപ്പിച്ചു ഞങ്ങള്‍ പെണ് കുട്ടികള്‍ പുറത്തിറങ്ങി...
പിറ്റേ ദിവസം ക്ലാസ്സില്‍ വരാന്‍ മടി .എങ്ങനെ ആണ്‍ പിള്ളേരുടെ മുഖത്തു നോക്കും . ക്ലാസ്സില്‍ ആണെങ്കില്‍ അന്ന് സിനിമക്ക് പോകാത്ത ആണ്‍ കുട്ടികളെ ഞങ്ങടെ മുന്നിലിട്ട് പോയ പിള്ളേര്‍ കളിയാക്കാന്‍ തുടങ്ങി..." ആഹാ എത്ര നല്ല പടം" ഒന്ന് പോയി കാണെടാ മക്കളെ , എന്നും പറഞ്ഞ്.. ഞങ്ങള്‍ക്ക് ആര്‍ക്കും ശങ്ദമില്ലായിരുന്നു ...അന്നത്തോടെ അതവിടെ അന്നവസാനിച്ചു. ഇനി ഇങ്ങനൊരു ബുദ്ധി ആര്‍ക്കും തോന്നല്ലേ എന്നും പറഞ്ഞു ...

Tuesday, June 11, 2013

പ്രഭാതം

  എന്റെ പൂങ്കാവനിയില്‍ ഇന്ന് പൂവുകള്‍ക്ക് സൌന്ദര്യ മത്സരം .കുശുമ്പും കണ്ണേറം,സ്വാര്‍ഥതയും ഒക്കെ ഇവിടെയുമുണ്ട്..
തന്റെ തലയ്ക്കു മുകളില്‍ പടര്‍ന്നു നിന്ന റോസാചെടിയെ നോക്കി സങ്കടപ്പെടുന്ന പത്തു മണിപ്പൂ .ഒരു മുള്ള് കൊണ്ടാല്‍ തീര്‍ന്നു എന്റെ ശരീരം പോലും പിന്നെ ഉയിര്‍ത്തെഴുന്നെല്‍ക്കില്ല എന്ന് വിലപിക്കുമ്പോള്‍ ,മന്ദാരത്തിന് അളവറ്റ സന്തോഷം.

എല്ലാവരെക്കാളും തലയെടുപ്പ് എനിക്ക് തന്നെ. ആരും ഒന്ന് നോക്കി പ്പോകുന്ന വെളുത്ത സുന്ദരി. പക്ഷെ എല്ലാരെക്കാളും കുശുമ്പ് റോസാക്ക് തന്നെ.  നല്ല തുടുത്തു സൂര്യകിരണങ്ങള്‍ ഇതളുകളില്‍ ഒളിപ്പിച്ചു സായം സന്ധ്യയുടെ ചുവപ്പ് മുഴുവന്‍ ആവാഹിച്ചെടുത്തു സ്വയം മറന്നു ഏതോ ലഹരിയില്‍ ഊയലാടി അങ്ങനെ.... താലമേന്താന്‍ കൈകള്‍ തയ്യാറെടുത്തു വച്ച് നിക്കുന്നു.
 
ചെമ്പരത്തി ഇതൊക്കെ കണ്ടു പുച്ഛത്തോടെ പല നിറത്തില്‍ പലഭാവത്തില്‍ നിക്കുന്ന ഞങ്ങടെ വര്ഗ്ഗത്തിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ  അതിനാരും ബുദ്ധിമുട്ടെണ്ടാ എന്ന ചിന്ന അഹങ്കാരം അതില്ലാതില്ല...ഇവരുടെയൊക്കെ  തലക്കനം  സഹിക്കവയ്യാത്ത , ഭൂമിയുടെ മാറില്‍ പറ്റിചേര്‍ന്നെന്ന പോലെ നിറഞ്ഞു നില്‍ക്കുന്ന കുഞ്ഞു കുഞ്ഞു പേരറിയാ പൂവുകള്‍ക്ക് അഹങ്കാരമില്ല ..
പക്ഷെ ഞങ്ങള്‍ ഉയരമില്ലെങ്കിലും സൌന്ദര്യത്തില്‍ ഒട്ടും മോശമല്ലെന്ന വാദം.....ഞങ്ങളെ ഒന്ന് തലോടാതെ പോകുന്ന കൈകള്‍ കുറവാണ്. പിന്നെയുള്ളത് മാവിന്റെ മുകളില്‍ പടര്‍ന്നു കയറി വെളുക്കെ ചിരിച്ചു നിക്കുന്ന മുല്ല . ചെണ്ടുമല്ലിക. .വാടാത്ത മല്ലിക, നാലുമണിപ്പൂ,  ലില്ലി,
എല്ലാവര്ക്കും ഇന്ന് ഒത്തിരി സന്തോഷം.

സൌന്ദര്യ പട്ടം കിട്ടിയില്ലെങ്കിലും വേണ്ടില്ല .ഞങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞല്ലോ  എന്ന സന്തോഷം.....
നന്ദി പൂക്കളെ . നിങ്ങള്‍ ഞങ്ങള്‍ക്ക്  തരുന്ന നിറമാര്‍ന്ന പുലരിക്കു  ഞങ്ങളെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു......

നേരുന്നു നന്മകള്‍

  ചെങ്കുത്തായ മലയടിവാരത്തെ വെല്ലുന്ന റോഡുകള്‍ .ഇപ്പോഴും ഇതൊക്കെ നിലനില്‍ക്കുന്നുണ്ടോ? പണ്ടിതൊക്കെ എത്ര അനായാസം ഓടിക്കയറിയതാണ്.ഇന്ന് കയറാനും ഇറങ്ങാനും കഷ്ട്ടമുണ്ടായിട്ടല്ല, മനസ്സ്  അതിന്നു   അനുവദിക്കുന്നില്ല എങ്കിലും മുന്നോട്ടുള്ള യാത്രയില്‍ ലക്ഷ്യമുണ്ടോ ഇല്ലയോ എന്നുള്ള ആകുലത. ബസ്സില്‍ പോയിട്ടുണ്ടെങ്കില്‍ അങ്ങ് വീടെത്തിയിട്ടുണ്ടാകുമായിരുന്നു . പക്ഷെ എന്തോ തോന്നിയില്ല. ആശങ്കകള്‍ക്ക് അല്‍പ്പം ദൈര്‍ഘ്യം കൊടുക്കാമെന്നു വച്ചു .  ഊടുവഴികള്‍ താണ്ടി പ്പോകുമ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകുമ്പോള്‍ എന്തോ ഒരു നിര്‍വൃതി.

എന്നും  ഊടുവഴികള്‍ താണ്ടിയെ നടന്നിട്ടുള്ളൂ അതും ആവാം. എന്തോ, ഈശ്വരന്‍ എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഓഹ് എനിക്ക് ഇപ്പൊ ഈശ്വരനുണ്ടോ? വിശ്വാസികളുടെയും അവിശ്വാസികളുടെയും ഇടയില്‍ കിടന്നു ഞാനിന്നൊരു യുക്തിവാദി ആയി മാറിയത്  മിച്ചം. ഓര്‍മ്മകള്‍ അയവിറക്കി നടന്നു നടന്നു വയല്‍ വഴിയില്‍ എത്തിയത് അറിഞ്ഞില്ല. എല്ലാം പഴയപടി തന്നെ. ഇവിടെയൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.ഒത്തിരി വീടുകള്‍ വന്നിട്ടുണ്ട് , പഴയ വീടിനു പകരം പുതിയ കുറെ വീടുകളും  ഇതൊക്കെ മാത്രം.

    വയലിന്റെ നടുവില്‍ എത്തിയപ്പോഴാണ് ,പണ്ടിതുവഴി പോകുമ്പോള്‍ ഇസ്മയില്‍ രജിതയോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയത്.  "ഇഷ്ട്ടമാണ്  പക്ഷെ ഉപ്പയുടെയും ഉമ്മയുടെയും സമ്മതമില്ലാതെ "എന്ന് .     അന്ന് ബാലചന്ദ്രമേനോന്റെ "ഇഷ്ട്ടമാണ് പക്ഷെ " എന്ന  സിനിമ പുറത്തിറങ്ങിയ കാലമായിരുന്നു.  എല്ലാവരുടെയും നാവില്‍ അന്ന് ആ വാക്കേ ഉണ്ടായിരുന്നുള്ളൂ . അന്ന് ഒരുപാട്   രണ്ടു പേരെയും കളിയാക്കിയിട്ടുണ്ട്. അത് അവന്റെ ഉമ്മയോട് പറയാതിരിക്കാന്‍ കുറച്ചൊന്നുമല്ല അവനെന്നെ സഹായിച്ചത് .  എല്ലാവരും ഇന്ന് കുടുംബത്തോടൊപ്പം ആകും.  അതോ അതില്‍ ആരെങ്കിലും ....?നീണ്ട പതിന്നാല് വര്ഷം ഒന്നും അറിയാന്‍ കഴിയാത്ത, ഒന്നും അറിയേണ്ടാത്ത എപ്പോഴോ ചെയ്തു പോയ ഒരു തെറ്റിന്റെ ശിക്ഷ , അതും തെറ്റാണെന്ന് അറിയാതെ, ഓര്‍ക്കാന്‍ പോലും ഇഷ്ട്ടപ്പെടാത്ത ഒരു ഏട്.  എന്റെ അമ്മയെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുത്തിയ   ആ കറുത്ത രാത്രിയെ.
  മധുവല്ലേ?പെട്ടെന്നു ഒരു പരിചിത ശബ്ദം.
അതെ, സംശയം കലര്‍ന്ന മറുപടിയില്‍  നീ? അതേടാ ഞാന്‍ പ്രസാദ്  മറന്നോ നീ , ഞാന്‍ എല്ലാം അറിഞ്ഞിരുന്നു . അന്നൊരു പാട് സങ്കടപ്പെട്ടിരുന്നു നിനക്കതിനോന്നും കഴിയില്ലാന്നും എനിക്കറിയാരുന്നു. അമ്മയുടെ ഓമനക്കുട്ടനല്ലേ? ടീച്ചരുറെ വിവരം അറിഞ്ഞുവോ നീയ്,  നിന്നെ അറിയിക്കാഞ്ഞതാണ് . എങ്കിലും നീ അറിഞ്ഞുകാണുമെന്നു എനിക്കറിയാരുന്നു.  അവസാന നാളുകളില്‍  നിന്നെയൊന്നു കാണണമെന്ന്  അമ്മയുടെ ആഗ്രഹമായിരുന്നു ,ചിതക്ക്‌ നീ തന്നെ തീ കൊളുത്തണമെന്നൊക്കെ  അന്നേ പറഞ്ഞു ഏല്‍പ്പിച്ചതാണ്  . പക്ഷെ നിന്നെയൊന്നു കാട്ടാന്‍ പോലും  അവര്‍  വിട്ടില്ല
പ്രസാദ് പറഞ്ഞതൊക്കെ കേട്ടിരിക്ക്യ എന്നല്ലാതെ ഒരക്ഷരം തിരിച്ചു പറയാന്‍ പറ്റുന്നില്ല.
കര്‍മ്മം ചെയ്യാന്‍ പറ്റാത്ത ഒരു മകന്റെ നെഞ്ചെരിച്ചല്‍ ഞാനെങ്ങിനെ പറഞ്ഞു മനസ്സിലാക്കിക്കും.  മധുവിന് ഒന്നും പറയാനില്ല ഒരിക്കലും.  അതാണല്ലോ എന്റെ വിധിയും , യാത്രപറഞ്ഞു നീങ്ങുമ്പോള്‍ രണ്ടിറ്റു കണ്ണീര്‍ അറിയാതെ  പാദത്തില്‍ വീണു .എനിക്ക് കരയാന്‍ കഴിയുന്നു എന്നത് തന്നെ അതിശയം.  ഒക്കെ മറന്ന കൂട്ടത്തില്‍ ഞാന്‍ അതും മറന്നു...വീട്ടിലേക്കു കാലെടുത്തു വച്ചതും അമ്മയുടെ ഉണ്ണീ എന്നുള്ള വിളി ,മറു ശബ്ദം തൊണ്ടയില്‍ കുരുങ്ങി.  വയ്യ ശരീരം തളരുന്നപോലെ.

അരഭിത്തിയില്‍ തളര്‍ന്നു കിടന്നു . ഒരു മയക്കത്തിന്റെ പിടിയൊതുക്കത്തില്‍ അറിയാതെ വീണു.  ഒരു മുരടനക്കം കേട്ടാണ് കണ്ണു തുറന്നത് .   ആരാ പതിഞ്ഞ ഒരു സ്വരം. ഞാന്‍ അല്‍പ്പം ദൂരെ നിന്നാണെന്നു മറുപടിയില്‍ ഒതുക്കി. ആളെ മനസ്സിലായി  ചേച്ചി   എപ്പോഴും  പറയാറുള്ള  മഞ്ഞ ഒച്ചയുള്ള  മിണ്ടാസാമി  ചേച്ചി അങ്ങനെയാ  പതിഞ്ഞ ശബ്ദമുള്ളവരെയൊക്കെ  മഞ്ഞ ഒച്ചയുള്ളവര്‍ എന്നാണ് പറയാറ്   ,അറിയാമായിരുന്നിട്ടും  വെറുതെ  ഒരു ചോദ്യം,   നിങ്ങള്‍ ? ഒരു ചിരിയോടെയാണ്‌ ഉത്തരം തന്നത്...ഞാന്‍ 'മിണ്ടാസ്വാമി 'എല്ലാരും വിളിക്കുന്നതാണ്.  ഓ ഹ് .. പിന്നീട് അതെപ്പറ്റി ഒന്നും ചോദിച്ചില്ല....
ഇവിടെ ഈ വീട്ടിലുള്ളവര്‍ ? എന്റെ ചോദ്യത്തിന് ഉത്തരമായി അവരെ അറിയോ? എന്ന മറു ചോദ്യം ...! ഇല്ല എന്നാണു പെട്ടെന്ന് മനസ്സില്‍ വന്നത് .  ഞാനീനാട്ടില്‍  വന്നിട്ട് കുറെ  വര്‍ഷങ്ങളായി.  പണ്ട് ആ ഗുഹയിലാരുന്നു .

ഒക്കെ എനിക്കറിയാവുന്ന കഥയല്ലേ? പക്ഷെ അറിയും എന്ന് പറയാന്‍ വയ്യ.  ഒന്നും ഒരു വിശദീകരണം കൊടുക്കേണ്ട അവസ്ഥയിലല്ല ഞാന്‍ ..
  സ്കൂളില്‍ പോകുന്ന വഴിയില്‍ ഞങ്ങള്‍ ആ ഗുഹയില്‍ ചെന്ന് നോക്കാറുണ്ട്.  കുഞ്ഞു പടിയൊ ക്കെയുള്ള വല്യ ഒരു ഗുഹ.  അവിടെ പോയി നോക്കിയതിനു അച്ഛനില്‍ നിന്ന് ഒരുപാട്  ചീത്ത കിട്ടിയിരുന്നു. വരച്ച വരയില്‍ നിര്‍ത്തുന്ന അച്ഛന്റെ ശിക്ഷണം ആദ്യമൊക്കെ  അലോസരമുണ്ടാക്കിയിട്ടുണ്ടെങ്കിലും അത്  നമ്മോട് തോന്നുന്ന കരുതലും   സ്നേഹവുമാണെന്നു   മനസ്സിലായത്‌ കാലം കുറെ കഴിഞ്ഞാണ്.  ഓര്‍മ്മകളില്‍ നീരോടുമ്പോള്‍ വല്ലാത്തൊരു നീറ്റല്‍.  പിന്നീട് എന്തോ മിണ്ടാസ്വാമി ഒന്നും പറയാന്‍ നിന്നില്ല . അയാള്‍ അങ്ങനെയാ അതാണല്ലോ ആപേര് വന്നത് തന്നെ.
    ഇവിടെ നില്‍ക്കുന്ന ഓരോ നിമിഷവും  ഹൃദയ ഭിത്തിയില്‍ ആരോ കരിങ്കല്ല് കൊണ്ട് മുട്ടുന്ന പോലെ. പോകണം  ഇവിടെ എനിക്ക് ശരിയാവില്ല. ഒരു അപരിചിതനെ പോലെ ഇവിടെ കഴിയുക വയ്യ,  ഇനി എന്റെ യാത്ര ഓര്‍മ്മകള്‍ പേറിയുള്ള യാത്രയാവാം. ഒരു നിഴല്‍ പോലെ എന്റെ പിന്നാലെ നടന്നവര്‍ ഇന്നെവിടെയെന്നു പോലും അറിയാന്‍ പറ്റാത്ത ഒരവസ്ഥ  ചിന്തിക്കാന്‍ പോലും ആവുന്നില്ല. കാത്തിരിക്കാനും ഒരു വിളി  കാതോര്‍ത്തിരിക്കാനും ഇല്ലാത്ത ഞാന്‍ ഇനിയെന്തിനു.....? മഴക്കോള്   ഉണ്ടെങ്കിലും  ഉറങ്ങാന്‍ കിടന്ന  മിണ്ടാസ്വാമിയെ ഉണര്‍ത്താതെ  പോകാന്‍ ഇറങ്ങി.  പെട്ടെന്നാണ്  പിറകില്‍ സ്വാമിയുടെ സ്വരം    .പോവാണോ  കുഞ്ഞേ ഇവിടം വിട്ടു എവിടെ പോയാലും നിനക്ക് സമാധാനം കിട്ടുമോ?

    ഒന്നും മനസ്സിലാവാതെ തിരിഞ്ഞു നിന്ന മധുവിനെ നോക്കി സാമി . നീ വരുന്നത്  വരെ  കാത്തിരിക്കണം എന്ന് എന്നെ എല്പ്പിച്ചാണ്  നിന്റെ  അമ്മ മരിച്ചത്.  അപ്പോള്‍ ഞാന്‍ ഇനി ഇത് ആരെ ഏല്‍പ്പിച്ചു പോകണം. എനിക്ക് പോകാന്‍ സമയമായി എന്ന്  ഞാന്‍ ചിന്തിച്ചു കിടക്കവേ നീ  പോകാനിരങ്ങിയാല്‍ പിന്നെ?  നിന്റെ അമ്മയുടെ ആത്മാവ് ഇവിടെ തന്നെയുണ്ട്‌ ,ആ മനസ്സിന്റെ തേങ്ങല്‍ അടങ്ങണമെങ്കില്‍ പോകരുത്.. മായ്കാനും മായാനും അധിക കാലം ഒന്നും വേണ്ട കുട്ട്യേ  ഈ ലോകത്ത്..നിന്റെ  സംശയങ്ങളും  ചിന്തകളും മാറ്റി വയ്ക്കുക.
കാത്തിരുന്ന പെണ്ണിനേം കൂട്ടി വന്നു സുഖമായി ജീവിക്കുക .അതെ എനിക്ക് പറയാനുള്ളൂ.

 വിശ്വസിക്കാന്‍ പറ്റാതെ  എന്ത് പറയണം, ചെയ്യണം എന്നറിയാതെ  വികാരാധീനനായി നില്‍ക്കാനേ കഴിഞ്ഞുള്ളു.  ഒരായിരം ചോദ്യങ്ങള്‍ ചോദിക്കാന്‍  നാവു  ഉഴറു കയാണെങ്കിലും ഒന്നും ചോദിക്കാന്‍ ഇല്ലാത്ത പോലെ  , എല്ലാ ചോദ്യങ്ങളുടെയും മറുപടിയായി സ്വാമിയുടെ ഒരു ചെറു പുഞ്ചിരി മാത്രം. അവള്‍ .."നീന " ഇപ്പോഴും ! അതെ. കാത്തിരിപ്പുണ്ട്‌  നീ ഇന്ന് വരും എന്നറിയാം അവള്‍ക്കു ,ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ ഒന്നിച്ചു  തിളങ്ങിയപോലെ .  മനസ്സില്‍ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളുമായി  മധു വീട്ടിനുള്ളിലേക്ക്  കയറി. അമ്മയുടെ ഉണ്ണിയായി ഇനിയും ഒരുപാട് കാലം ജീവിക്കാന്‍....

വൃദ്ധസദനം




തന്റെ മുന്നിലുള്ള ചോറ്റു പാത്രത്തില്‍ പരതുകയല്ലാതെ ,ആ അമ്മയ്ക്ക് ഒരു വറ്റ് പോലും കയ്യില്‍ തടയുന്നില്ല. കണ്ണുനീര്‍ കാരണം ഒന്നും കാണാനും വയ്യ , അടുത്തുള്ള മറ്റു അമ്മമാര്‍ കാണാതിരിക്കാന്‍ വന്തിയമ്മ കിണഞ്ഞു ശ്രമിക്കുകയായിരുന്നു .
ഇവരൊ
ക്കെ യാണ് ഇനി എന്റെ ബന്ധുക്കള്‍. തൊട്ടടുത്തു  നിന്ന ലീലാമണി യമ്മ മെല്ലെ പുറത്തു തട്ടി , ഒരു സാന്ത്വനം കൊതിച്ചെന്നപോലെ വന്തിയമ്മ അവരെ ഒന്ന് നോക്കി. കൈകള്‍ മുറുക്കെ  ഒന്ന് പിടിച്ചമര്‍ത്തി   എല്ലാ ദുഖങ്ങളും പങ്കു വച്ചപോലെ ഒരു നിമിഷം  നിന്നിട്ട് അവര്‍ അവരുടെ മുറിയിലേക്ക് പോയി.
  എന്റെ മകനെ പോലെ ഒരു മകന്‍ അവര്‍ക്കും?
ആ അമ്മ നെടുവീര്‍പ്പിട്ടു കൊണ്ട് ആലോചിച്ചു .
വീട്ടില്‍ നിന്നിറങ്ങണം എന്ന് ഒരിക്കലും കരുതിയതല്ല. പക്ഷെ ഇന്നലെ അവന്‍ അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത് .." അച്ഛന്റെ വാക്കുകളാണ്. ..ഒരിക്കല്‍ അവന്‍, എന്തോ പറഞ്ഞു . അന്ന്  ഞാന്‍ കരഞ്ഞപ്പോള്‍ അവനെ വിളിച്ചു നിര്‍ത്തി ക്രോസ് വിസ്താരം ചെയ്തത് .  അവള്‍ കരഞ്ഞത് എന്തിനാണെന്ന് ഞാനില്ലാത്തപ്പോള്‍ നിങ്ങള്‍ അറിയേണ്ടതല്ലേ , നിങ്ങളെ ഇത്ര വലുതാക്കിയത് അവളെ കരയിക്കനാണോ?

അന്ന് രണ്ടു പേര്‍ക്കും ഉത്തരമില്ലായിരുന്നു......ഞാനില
്ലാത്തപ്പോള്‍ എന്റെ പൊന്നുവിനെ നിങ്ങള്‍ വ്രുദ്ധസാദനത്തിലോന്നും കൊണ്ട് പോയി തള്ളരുത്." അത് പറഞ്ഞപ്പോള്‍ ഇനിയും അവരെ ചീത്ത പറയും എന്ന് പേടിച്ചു ഞാന്‍ ഇടയില്‍ കയറി....ഞാന്‍ വെറുതെ കരഞ്ഞതാണ് അവര്‍ എന്നെ ഒന്നും ചെയ്തില്ല എന്ന് അപോഴും അവന്റെ അച്ഛന്‍ പറഞ്ഞു നീ അവരെ വഷളാക്കരുത്...അമ്മമാരുടെ സ്നേഹമാണ് അവരെ ചീത്തയാക്കുന്നത്‌ എന്നും...സത്യമാണോ?
ഇന്ന് ഒരു മറു ചോദ്യം പോലും എന്റെ ഭാഗത്ത് നിന്നില്ലാതെയാണ് ഞാന്‍ അവന്റെ ആജ്ഞ നിറവേറ്റിയത്...അത്ര പോലും എന്റെ മോന്‍ വേദനിക്കരുതെന്ന് മനസ്സില്‍ എടുത്ത ഉറച്ച തീരുമാനത്തിന്റെ ഭാഗമായി.
കഴിയുന്നതും എല്ലാവരുടെയും മുന്നില്‍ സന്തോഷം അഭിനയിക്കുക.എനിക്ക് വേണ്ടിയല്ല എന്റെ മകനെ ആരും കുറ്റപെടുത്താതിരിക്കാന്‍.. മകനെ നിനക്ക് വേണ്ടി ഈ അമ്മ ഇതില്‍ പരം എന്താണ് ചെയ്യേണ്ടത്...?വീണ്ടും കണ്ണുകള്‍ നിറഞ്ഞൊഴുകി.ആരും അരികില്‍ വന്നില്ല .
എല്ലാവര്ക്കും അങ്ങനെ ഓരോ അനുഭവങ്ങള്‍ ഉള്ളതാണല്ലോ...ഇന്ന് അവര്‍ ഒരു പാട് കരയും അവരെ അതിനു വിടുക..എന്നും മറ്റുള്ളവര്‍ ഓര്‍ത്ത്‌ കാണും...
എന്നെ പോലെ അല്ലെങ്കില്‍ എന്നെക്കാള്‍ മോശമായിരിക്കും അവര്‍ക്കൊക്കെയുള്ള അനുഭവം.വന്തിയമ്മ തനിക്കായി നീക്കി വച്ച മുറിയിലേക്ക് നടന്നു.....തൊട്ടടുത്ത മുറിയിലാണ് ലീലാമണി യമ്മയുടെ മുറി...പോകുന്ന പോക്കില്‍ അവര്‍ ആ മുറിയിലേക്ക് ഒന്ന് കണ്ണോടിച്ചു. എന്തോ മടിയില്‍ ഉണ്ട് ,അവര്‍ ചിന്താധീനയാണ്

ആരുടെ മുറിയിലും അനുവാദമില്ലാതെ ഇന്നോളം കേറിയിട്ടില്ല ,എങ്കിലും ഒരു ആകാംക്ഷ , മെല്ലെ ഒച്ചയാക്കാതെ പിറകില്‍ ചെന്ന് നോക്കി രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ഫോട്ടോയില്‍ നോക്കിയിരിപ്പാണ് ഞാന്‍ പിന്നില്‍ വന്നു നിന്നതോ ഫോട്ടോ കണ്ടതോ പാവം അവര്‍ അറിഞ്ഞില്ല . അതൊക്കെ അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ ആകാം...കൈകള്‍ കൂട്ടി മുറുക്കെ പിടിക്കുമ്പോള്‍
തന്നെ അവരുടെ ആത്മ സംഘര്‍ഷത്തിന്റെ ഒരു നേരിയ ചലനം എന്നിലേക്കും പ്രവഹിചിരുന്നല്ലോ.....ഞാനും ഇനി മുതല്‍ ഇവിടെയാണ്‌ ഇവരുടെ കൂടെ.
എല്ലാ വേദനകളും മൌനത്തിലും മനസ്സിലും ഒതുക്കി ഇനി ഇവിടെ ഈ മര ച്ചോട്ടില്‍ . ഞാനെന്റെ   ദിനങ്ങളെ തല്ലിക്കെടുത്തട്ടെ...